ഇടുക്കിയില്‍ തെലുങ്ക് സിനിമയുടെ ലൊക്കേഷനില്‍ പടയപ്പ; ഷൂട്ടിങ് നിര്‍ത്തിവെച്ചു; ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് ഓടിച്ചു

കുണ്ടള: ഇടുക്കിയില്‍ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ‘പടയപ്പ’യെത്തി.

അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്ക പുരം’ സിനിമയുടെ ലൊക്കേഷനിലേക്കാണ് കാട്ടാന എത്തിയത്. ആനയെ കണ്ടതോടെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുണ്ടള ഗോള്‍ഫ് ക്ലബ്ബില്‍ നടന്നിരുന്ന ഷൂട്ടിങ് കാട്ടാന തടസപ്പെടുത്തിയത്. തെലുങ്ക് നടന്‍ ഘട്ടമനേനി ജയകൃഷ്ണയും നടി റാഷ തദാനിയും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

കഴിഞ്ഞ ഒരാഴ്ച്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളില്‍ പടയപ്പയുടെ സാന്നിധ്യമുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കാട്ടിലേക്ക് ഓടിച്ചുവിട്ടു.