സംസ്ഥാനത്തിന് ആശ്വാസം, നിപ പ്രതിരോധം പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍.

ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയില്‍ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5, രോഗി സന്ദര്‍ശിച്ച വിവിധ ആശുപത്രികള്‍, രോഗിയുടെ ജോലിസ്ഥലം, രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ തുടങ്ങി എല്ലാ സമ്പര്‍ക്ക സാധ്യതകളും കണ്ടെത്തി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്ന് അദ്ദേഹം വിവരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തിലാണ് കൂടുതല്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ഇല്ലാതെതന്നെ രോഗം വരുതിയിലാക്കിയത്. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഫീല്‍ഡില്‍ ആരോഗ്യപ്രവര്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമാണിതെന്ന് മന്ത്രി പറഞ്ഞു.

 

അതേസമയം നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിലും പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പർക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ടവരും, 14 പേർ ഉയർന്ന വിഭാഗത്തില്‍ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ടവരും ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 60 വീടുകളില്‍ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 91 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പർപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.