സ്‌കൂള്‍ പരിസരത്തുവെച്ച്‌ സി​ഗരറ്റ് വലിച്ചു; നട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ ഒളിച്ചോട്ടം; പാമ്പാടിയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ ചെങ്ങന്നൂരില്‍ നിന്നും കണ്ടെത്തി

കോട്ടയം: വെള്ളിയാഴ്ച വൈകിട്ട് പാമ്പാടിയില്‍ നിന്നും കാണാതായ രണ്ടു വിദ്യാര്‍ത്ഥികളെ ചെങ്ങന്നൂരില്‍ നിന്നും കണ്ടെത്തി.

സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ മടങ്ങി എത്താതെ വന്നതോടെ മാതാപിതാക്കള്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാരും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഫലം കാണാതെ വന്നതോടെ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരണം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നു ചെങ്ങന്നൂരില്‍ വെച്ചു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ ബദല്‍ ജങ്ഷനു സമീപം ആയിരുന്നു ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് എത്തി വിദ്യാര്‍ത്ഥികളെ സ്‌റ്റേഷനിലേക്കു കൊണ്ടു പോവുകയും പാമ്പാടി പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു.

സ്‌കൂള്‍ പരിസരത്തുവെച്ച്‌ വിദ്യാര്‍ത്ഥികള്‍ ആദ്യമായി സിഗരറ്റ് വലിച്ചു. ഇതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളില്‍ അറിയിക്കുമെന്ന് ഭയന്നാണ് നാടു വിടാന്‍ ശ്രമിച്ചതെന്ന്‌ വിദാര്‍ഥികള്‍ പറഞ്ഞു. കയ്യില്‍ പൈസയും ഫോണും ഇല്ലായിരുന്നു.

വിവരമറിഞ്ഞെത്തിയ പാമ്പാടി പോലീസ് വിദ്യാര്‍ത്ഥികളെ ഏറ്റെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ പാമ്പാടി പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി.