ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതേസമയം ആരോപണവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നു. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ താൻ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചത്.
പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാൾ താനല്ലേയെന്നും അവർ ചോദിച്ചു. ഒരു പ്രശ്നവും ഇല്ലാതെ ഫോൺ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ടമായതുകൊണ്ടാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രം പകർത്താൻ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. അതേസമയം മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കയാണ്. പത്തനാപുരത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്തനാപുരത്തെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
