ഇത് സൂപ്പര്‍ഫാസ്റ്റ് പ്രഖ്യാപനം…! 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് സിപിഐ; അഞ്ച് വനിതകള്‍ മത്സര രംഗത്ത്; നാല് മന്ത്രിമാരും മത്സരിക്കും; പറവൂരില്‍ വി ഡി സതീശനെ നേരിടാന്‍ ടൈസണ്‍; തൃശ്ശൂരില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സിപിഐ.

മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ. രാജന് ഇളവുനല്‍കിയതാണ് പ്രധാന ഇളവ്. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളില്‍ത്തന്നെ മത്സരിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രനുപകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നേരിടാന്‍ ഇ.ടി. ടൈസണ്‍ ആണ് പറവൂരില്‍ മത്സരിക്കുന്നത്. നിലവില്‍ കയ്പമംഗലം എം.എല്‍.എ.യാണ്.

മന്ത്രിമാരില്‍ കെ. രാജന്‍ ഒല്ലൂരില്‍ നിന്നും ജി.ആര്‍. അനില്‍ നെടുമങ്ങാട്ടും ജനവിധി തേടുമ്പോള്‍ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേര്‍ത്തലയിലും മത്സരിക്കും.

സിറ്റിങ് എം.എല്‍.എ.മാരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം എട്ടുപേരാണ് മാറിയത്. ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, പി. ബാലചന്ദ്രന്‍, സി.സി. മുകുന്ദന്‍, സി.കെ. ആശ, പി. സുപാല്‍, ജി.എസ്. ജയലാല്‍ എന്നിവരാണ് മറ്റുള്ളവര്‍.

രണ്ടുസ്ത്രീകള്‍ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വൈക്കത്തുനിന്ന് സി.കെ. ആശ മാറിയപ്പോള്‍ നാദാപുരത്ത് പി. വസന്തത്തെ സ്ഥാനാര്‍ഥിയാക്കി. മഞ്ചേരിയില്‍ സ്വതന്ത്രനായി എം. മുസ്തഫ മത്സരിക്കും.