കൊച്ചി : കസ്റ്റംസ് സൂപ്രണ്ടിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയ യുവാവ് കൊച്ചിയില്‍ അറസ്റ്റിൻ. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന കൃപേഷ് മല്യയാണ് (41) അറസ്റ്റിലായത്.
ഇയാളുടെ കൈവശമുള്ള സാധനങ്ങള്‍ കണ്ടാണ് പോലീസ് ഞെട്ടിയത്. വയർലെസ് സെറ്റും നോട്ടെണ്ണല്‍ മെഷീനുമടക്കം യുവാവിന്റെ കയ്യിലുണ്ടായിരുന്നു. കസ്റ്റംസിന്റെയടക്കം കേന്ദ്ര ഏജൻസികളുടെ മൂന്ന് ജോഡി യൂണിഫോം, സർക്കാർ ഓഫീസുകളുടെ 43 വ്യാജ സീലുകള്‍, ട്രാൻസിസ്റ്റര്‍, മൈക്ക്, ബീക്കണ്‍ ലൈറ്റ്, മൂന്ന് ഗ്രാം കഞ്ചാവ് തുടങ്ങിയവയും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളുടെ മുറിയില്‍ പോലീസ് പരിശോധന നടത്തിയത്. വയര്‍ലെസ് സെറ്റ് അടക്കമുള്ളവ കണ്ടെടുത്തതിനാല്‍ ഔദ്യോഗിക രഹസ്യ നിയമം, എൻഡിപിഎസ് വകുപ്പ്, ഇന്ത്യൻ വയർലെസ് നിയമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. മുന്‍പ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു.
കൃപേഷ് മല്യ വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പോലീസാണെന്ന് പറഞ്ഞപ്പോള്‍ നീട്ടിയത് കസ്റ്റംസിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയാണ്.
കസ്റ്റംസ് സൂപ്രണ്ടാണെന്നായിരുന്നു മറുപടി.
ഐഡി കാര്‍ഡ് വ്യാജമാണെന്ന് കണ്ടതോടെയാണ് പോലീസ് പരിശോധന നടത്തിയത്. വയർലെസും ട്രാൻസിസ്റ്ററുമെല്ലാം ഉപയോഗിച്ച് രഹസ്യ വയർലെസ് സന്ദേശം ചോർത്തിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
കണ്ടെടുത്ത വയർലെസും മറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
