തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി സഹോദരങ്ങൾ; കൊലപാതകം ബാറിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ടതിനെ തുടർന്ന്

തിരുവനന്തപുരം വിഴിഞ്ഞത്ത് സഹോദരങ്ങൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മരിച്ചത്. സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരാണ് സുമനെ മർദിച്ച് കൊലപ്പെടുത്തിയത്. ബാറിലുണ്ടായ തർക്കമാണ് ക്രൂര മർദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ രാത്രി 12:45ന് ആണ് സംഘർഷം നടന്നത്. സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി 11ഓടെ ഇവർ ബാറിലെത്തിയിരുന്നതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ ഇവർ പരസ്പരം തർക്കത്തിലായി. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സുമനെ ക്രൂരമായി ഇരുവരും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അബോധാവസ്ഥയിലായ യുവാവിനെ റോഡിലിട്ട് ചവിട്ടുന്നതും മുഖത്ത് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സുമനെ ചവിട്ടിയും കഴുത്തിന് ഇടിച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.