ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു ; പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു; പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി മാതാപിതാക്കള്‍; കണ്ടെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് യുവാക്കള്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും സുഹൃത്തും.

ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട മിന്‍ഷാദ് സുഹൃത്തായ ആദർശിന്റെ ബുള്ളറ്റില്‍ ആറ്റിങ്ങലിലെത്തി പെണ്‍കുട്ടിയെ കൊട്ടിയത്തുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളാറ്റിലായിരുന്നു മിൻഷാദും ആദർശും താമസം.

ഫ്ലാറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യിലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയത്തെത്തിച്ച് കേസിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.