തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സർക്കാരിന്റെ കവചം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചിന്റെ രണ്ടാംഘട്ട പ്രവർത്തന പരീക്ഷണം പൂർത്തിയായി. 14 ജില്ലകളിലെ 91 ഇടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.
ഒറ്റ വരി മുന്നറിയിപ്പിനു പിന്നാലെ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ സൈറണ്‍ മുഴങ്ങും, ഒന്നല്ല മൂന്നുവട്ടം. ദുരന്തങ്ങളേറെ കണ്ടൊരു നാടിന്റെ ചെറിയ തയ്യാറെടുപ്പ്. പ്രളയമോ സുനാമിയോ കൊടുങ്കാറ്റോ ആകട്ടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം തയ്യാറാണ്.
വിവിധ സർക്കാർ സ്കൂളുകളിലും ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളിലുമെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ കവചം സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലും മൊബൈല്‍ ടവറുകളിലും മുന്നറിയിപ്പ് സംവിധാനമുണ്ട്. മൂന്ന് കിലോ മീറ്റർ ദൂരത്തില്‍ ശബ്ദമെത്തും, രാത്രിയില്‍ ദൃശ്യമാകാൻ പ്രത്യേക ലൈറ്റിംങ് സംവിധാനവുമുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണകേന്ദ്രങ്ങളിലും കണ്ട്രോള്‍ റൂമുകള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശമെത്തിയാല്‍ ദ്രുതഗതിയില്‍ പ്രതികരിക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്.
ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാൻ സാധിക്കും. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ പരീക്ഷണം നടന്നത്.
