സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ; ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല; മത്സ്യബന്ധനത്തിന് വിലക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങൾക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം.

തിരുവനന്തപുരത്ത് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപെടുത്തിയത്. നെയ്യാറിലും കരമന നദിയിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു. വാമനപുരം നദിയിൽ കാണാതായ കൊപ്പം സ്വദേശി സോമനായി ഇന്നും തെരച്ചിൽ തുടരും.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും ഭാഗികമായും ഇന്ന് (ഓക്ടോബർ 4) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ പുളിനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാണ് ബുധനാഴ്ച (ഒക്ടോബർ 4) അവധിയെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.