അപ്രതീക്ഷിതമായി എത്തി പ്രിയപ്പെട്ടവരിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും നമ്മെ കൊണ്ടുപോകുന്ന മരണം എന്നും ജീവിച്ചിരിക്കുന്നവർക്ക് സൃഷ്ടിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിൽ മരണത്തിന്റെ ഭീകരത മനുഷ്യമനസുകളിൽ ആഴ്ന്നിറങ്ങും തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സഹോദരിയുടെ മകളുടെ വിയോഗത്തെക്കുറിച്ച് ഷാജി കെ മാത്തൻ എഴുതിയ കുറിപ്പാണ് സോഷ്യൽ ലോകത്തെ കണ്ണീരിൽ ആഴ്ത്തിയിരിക്കുന്നത്. ക്യാൻസർ ബാധയെ തുടർന്നാണ് 26 കാരിയായ സ്നേഹ അന്ന മരിച്ചത്. തന്റെ രോഗത്തെക്കുറിച്ച് ഗൂഗിളിൽ പരതി ചികിത്സാരീതികളും അതിനുള്ള മരുന്നുകളും മനസ്സിലാക്കി തന്റെ അപ്പയോട് അതേക്കുറിച്ച് സംസാരിക്കുന്ന അന്ന വസ്തുവിറ്റോ കടം വാങ്ങിയോ ചികിത്സ നടത്താൻ ആവശ്യപ്പെടുമായിരുന്നു.
രോഗം മാറി താൻ ജോലിയിൽ കയറിയാൽ കടങ്ങളെല്ലാം വീട്ടാമെന്നുമായിരുന്നു അന്നയുടെ കണക്കുകൂട്ടലുകൾ. എന്നാൽ, തന്റെ ആഗ്രഹങ്ങളെ മറികടന്ന് മരണം മുന്നിൽ എത്തിയപ്പോൾ പിന്നീടുള്ള അന്നയുടെ ആഗ്രഹങ്ങളിലും മാറ്റം വന്നു.
ചികിത്സകൾ എല്ലാം വിഫലമായ ഘട്ടത്തിൽ മരിക്കുമ്പോൾ പത്രത്തിൽ വാർത്ത നൽകണമെന്നും അതിനൊപ്പം ചേർക്കേണ്ട ചിത്രവും തിരഞ്ഞെടുത്തു നൽകി.
ഫ്ലക്സ് വയ്ക്കുന്നു എങ്കിൽ അതിൽ ഇതേ ഫോട്ടോ ഉൾപ്പെടുത്തണമെന്നും അന്ന് ആവശ്യപ്പെട്ടു. അന്ത്യ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ പുതിയ ഉടുപ്പ് വേണമെന്നും ചുറ്റും റോസാപ്പൂക്കളാൽ അലങ്കരിക്കണമെന്നും അന്ന ആവശ്യപ്പെട്ടിരുന്നു.
അന്നയെക്കുറിച്ചുള്ള ഷാജി കെ മാത്തന്റെ കുറിപ്പ് ഇങ്ങനെ
ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ….
ഇത് എൻ്റെ സ്നേഹമോൾ..
എൻ്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ.. സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ. പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്. പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ, എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക്. അവളെ പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം. അങ്ങനെ മജ്ജ മാറ്റിവെച്ചു… ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി.
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…ചില ക്യാൻസറങ്ങനെയാണ്. രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു. ഇന്നിപ്പോൾ എല്ലാം വിഫലം..ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്. പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..പുതിയ സെറ്റ് ഉടുപ്പിക്കണം..ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…ക്ഷമിക്കുക.
