കിടങ്ങൂരിൽ ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കൂവപ്പള്ളി 4 ം മൈൽ നെടുമല ഭാഗത്ത് പയ്യനാനിയിൽ വീട്ടിൽ ശ്രീജിത്ത് പി.ബി (27) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഉണ്ണികൃഷ്ണനും, ബജാജ് ഫിനാൻസ് സ്ഥാപനത്തിലെ ഫീല്‍ഡ് ഓഫീസറായ ഇയാളും ചേര്‍ന്ന് കിടങ്ങൂർ സ്വദേശിയായ യുവാവില്‍ നിന്നും ഇയാളറിയാതെ 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഗൃഹോപകരണ സ്ഥാപനത്തിൽ EMI വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങുവാന്‍ എത്തിയ യുവാവിൽ നിന്നും ഇയാളുടെ രേഖകൾ വച്ച് ഇയാൾ അറിയാതെ ബജാജ് ഫിൻ സെർവു കമ്പനിയിൽ നിന്നും ലോൺ എടുത്ത് രണ്ടുതവണകളായി മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇതിന് സ്ഥാപന ഉടമയെ ഈ ഫിനാൻസ് സ്ഥാപനത്തിലെ തന്നെ ജീവനക്കാരനായ ശ്രീജിത്ത് സഹായിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ഥാപന ഉടമയായ ഉണ്ണികൃഷ്ണനെ ഉപഭോക്താക്കളുടെ പേരില്‍ പണം തട്ടിയ കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ റ്റി.സതികുമാർ, എസ്.ഐ മാരായ സൗമ്യന്‍ വി.എസ്,സുധീര്‍, എ.എസ്.ഐ പ്രീത, സി.പി.ഓ മാരായ അരുണ്‍ പി.സി, ജോസ് ചാന്തർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.