വയോധികയിൽ നിന്നും 40 രൂപയുടെ രണ്ട് ലോട്ടറി ടിക്കറ്റ് എടുത്ത യുവാവ് പണമായി നൽകിയത് ഡമ്മി നോട്ട്; തിരിച്ചറിയാതെ വയോധിക ബാക്കി പണമായ 420 രൂപ യുവാവിന് നൽകുകയും ചെയ്തു; ലോട്ടറി വില്പനക്കാരിയെ പറ്റിച്ച് പണവും ടിക്കറ്റും തട്ടിയെടുത്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂര്‍: ലോട്ടറി വിൽപ്പനക്കാരിയായ വയോധികയെ കബളിപ്പിച്ച് പണവും ടിക്കറ്റും കവർന്ന കേസിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.

അന്തിക്കാട് പൊലീസ് എസ് എച്ച് ഒക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്. 40 രൂപയുടെ 2 ലോട്ടറി ടിക്കറ്റെടുത്ത യുവാവ് പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി.

ഡമ്മിനോട്ടായ 500ന്റെ നോട്ടാണ് യുവാവ് നൽകിയത്. എന്നാൽ, ഇത് തിരിച്ചറിയാൻ കാർത്യായനിക്കായില്ല. വിൽപ്പനക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.