വർക്കല: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്നുവിളിക്കുന്ന അഖിൽ(23), 17-കാരനായ പ്ലസ്ടു വിദ്യാർഥി എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റു ചെയ്തത്.
13-ഉം 17-ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. 17-കാരന്റെ സഹപാഠിയാണ് ഇരയായതിൽ ഒരു പെൺകുട്ടി. 13-വയസ്സുകാരി സ്ഥിരമായി സ്കൂളിൽ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അഖിൽ. ഇരുവരും പ്രണയംനടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഇരുവരും പെൺകുട്ടികളുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടികളുടെ വീട്ടിലേക്ക് രണ്ടുപേർ പതുങ്ങിപ്പോകുന്നത് കണ്ട നാട്ടുകാർ മോഷ്ടാക്കളാണെന്നു കരുതി ഇവരെ പിടികൂടി അയിരൂർ പോലീസിനു കൈമാറി.
തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. അറസ്റ്റിലായ അഖിലിനെ കോടതി റിമാൻഡ് ചെയ്തു. 17കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
