കുമരകം: കുമരകം- കൈപ്പുഴമുട്ട് റോഡിൽ നിന്നും ചെപ്പന്നുക്കരി റോഡിലേക്കുള്ള പ്രവേശനകവാടത്തിൽ വാഹന അപകടങ്ങൾ തുടർ സംഭവങ്ങളായിട്ടും അപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
ഇവിടെ ഇന്നലെ രാത്രിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടു. രാത്രി 8 ന് ചെപ്പന്നുക്കരി റോഡിൽ നിന്നും കുമരകം റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ യാത്രക്കാരനെ ജെട്ടി ഭാഗത്തു നിന്നും വന്ന സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. പരുക്കേറ്റ ഇരുവരേയും സമീപത്തെ വ്യാപാരികളാണ് ആശുപത്രിയിലെത്തിച്ചത്.
ഒട്ടുമിക്ക അപകടങ്ങളുടേയും ദൃശ്യങ്ങൾ ക്നായി തൊമ്മൻ ഡിജിറ്റൽ സ്റ്റുഡിയോയിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് രാവിലേയും വൈകിട്ടും രണ്ട് അപകടങ്ങളാണിവിടെ നടന്നത്. മാർച്ച് 30 ന് കാറിൽ ബൈക്കിടിച്ചായിരുന്നു രണ്ട് യുവാക്കൾക്ക് പരുക്കേറ്റത്. ഈ മാസം ഏഴിനും ബൈക്കുകളിവിടെ കൂട്ടിമുട്ടി അപകടം നടന്നിരുന്നു.
അപകടങ്ങൾ ആവർത്തിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടികാണിക്കുന്നത്. പ്രധാനമായും ചെപ്പന്നുക്കരി റോഡിലേക്കു കടക്കുന്നിടത്ത് റോഡിലേക്ക് നീണ്ടു നില്ക്കുന്ന കലുങ്കിന്റെ പഴയ സംരക്ഷണ ഭിത്തി. ഇത് ചെപ്പന്നുക്കരി റോഡിൽ നിന്നു വരുന്ന വർക്ക് കാഴ്ച മറയ്ക്കുന്നു.
അതോടാെപ്പം ജെട്ടി ഭാഗത്തു നിന്നും എത്തുന്നവർക്ക് ചെപ്പന്നുക്കരി റോഡിലൂടെ എത്തുന്ന വാഹനങ്ങളേയും കാണാൻ കഴിയുന്നില്ല. കാഴ്ചക്കു തടസമായി ചെപ്പന്നുക്കരി റോഡിലേക്ക് കയറി നില്ക്കുന്ന കലുങ്കിന്റെ ഭിത്തി പൊളിച്ചു നീക്കുക. ചെപ്പന്നുക്കരി റോഡിന്റെ പ്രവേശന ഭാഗത്ത് റോഡിന് വീതി കൂട്ടുക എന്നീ ആവശ്യങ്ങളാണ് പ്രദേശവാസികൾ നിർദേശിക്കുന്നത്.
