കൂറ്റനാട് നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി

പാലക്കാട്: കൂറ്റനാട് നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം.

വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റ കോട്ടയം സ്വദേശി കുഞ്ഞുമോനാണു (50) മരിച്ചത്.

കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാണ് ആനയെ കൊണ്ടുവന്നത്. രാത്രി 11 മണിയോടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടയുകയായിരുന്നു.

ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെയാണ് കുഞ്ഞുമോന് കുത്തേറ്റത്. മറ്റൊരാള്‍ക്കും പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ല.

റോഡില്‍ വച്ചാണ് ആന പാപ്പാനെ കുത്തിയത്. നിരവധി വാഹനങ്ങളും നശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

നാല്‍പതിലേറെ ആനകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമല്ല. നാട്ടുകാര്‍ കുഞ്ഞുമോനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.