കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറ് മണിക്കൂർ എടുത്തിട്ടാണ് കെട്ടിടത്തിനകത്ത് പടർന്ന തീ പൂർണമായും അണയ്ക്കാനായത്. ഇന്നലെ രാത്രി പടർന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു. 20ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ഫയർ എഞ്ചിനും എത്തിച്ചാണ് തീ പൂർണ്ണമായി അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓഫ് സീസൺ ആയതിനാൽ ഉപഭോക്താക്കളുടെ എണ്ണം നന്നേ കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
2023ൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്. ഇത്തവണ നഷ്ടം ഇതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് തീപിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ടായിരുന്നു. ഇത്തവണത്തെ കാരണം വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം.
