കൊച്ചി: കേരളത്തില്‍ വില്‍ക്കുന്ന ബ്രോയിലര്‍ കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ്.
ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് അപകടകരമായ സ്ഥിതിയെക്കുറിച്ചുള്ള കണ്ടെത്തല്‍. കേരളത്തിന് പുറമേ മറ്റൊരു തെന്നിന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലും ജീന്‍ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
അപകടകരമായ സാഹചര്യമാണ് ഇതെന്നാണ് വിലയിരുത്തല്‍. വ്യാവസായിക അടിസ്ഥാനത്തില്‍ കോഴി വളര്‍ത്തല്‍ വ്യാപകമായതോടെയാണ് ആന്റിബയോടിക്കുകളുടെ ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിച്ചത്.
അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഇറച്ചി കോഴികളില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാതെയാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നതെന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടിയതോടെയാണ് ഇതിന് അതിജീവിക്കുന്ന ബാക്ടീരിയകളും ഉണ്ടായത്. പഠനത്തില്‍ ഇക്കാര്യം ഐസിഎംആര്‍ വ്യക്തമാക്കുന്നുണ്ട്.
ഐ.സി.എം.ആര്‍ – നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്‌സ് സേഫ്റ്റി ഡിവിഷന്‍ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. വിവിധ മേഖലകളില്‍ നിന്ന് കോഴിവിസര്‍ജ്യം ശേഖരിക്കുകയും ഡി.എന്‍.എ വേര്‍തിരിച്ച് പഠന വിധേയമാക്കുകയുമാണ് ചെയ്തത്.
