ഒന്നിച്ച്‌ കുളിക്കാനിറങ്ങി; വാക്കേറ്റത്തേ തുടർന്ന് ഉന്തും തള്ളും; ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല; മരണവിവരം മറച്ചുവെച്ചു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: ഒന്നിച്ച്‌ കുളിക്കാൻ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റില്‍.

ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായത്. യുവാവിന്റെ മരണത്തില്‍ സംശയം തോന്നി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലില്‍ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടില്‍ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ പോയത്.
രാത്രി വൈകിയും ജോബിൻ വീട്ടില്‍ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്.

ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്‌. സുഹൃത്തുക്കളുമൊന്നിച്ച്‌ പുഴക്കടവില്‍ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കില്‍പ്പെട്ടത്‌.

എന്നാല്‍ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കില്‍പ്പെട്ടതിനെക്കുറിച്ച്‌ ആരോടും പറഞ്ഞില്ല.