സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും, തിരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ആയിരുന്നു ബെവ്കോ എംഡിയുടെ പ്രഖ്യാപനം.പിന്നാലെ ഈ പ്രഖ്യാപനം വിവാദമാകുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതി ഇടപെട്ട് പൊതുജനങ്ങളിൽ നിന്നും പേര് സ്വീകരിക്കുന്നത് തടഞ്ഞത്. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.
അതേസമയം സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ഇന്നലെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പ്രത്യേകമായി പണമടച്ചാൽ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് പൂർണസമയം പ്രവർത്തിക്കാം. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇതിനായി അടക്കേണ്ടത്.
