കോഴിക്കോട്: കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടർക്കെതിരെ നടപടി.
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കയ്യിലെ ആറാമത്തെ വിരല്‍ നീക്കം ചെയ്യാനെത്തിയ കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് നാവില്‍ ശസ്ത്രക്രിയ ചെയ്തു നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിച്ച കുഞ്ഞിന്റെ വായില്‍ പഞ്ഞി തിരുകി കണ്ടതോടെയാണ് നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബത്തിന് മനസിലായത്.
ഇതോടെ ഇവർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർമാർക്ക് സംഭവിച്ച അബദ്ധം മനസിലായതോടെ ഇവർ കുടുംബത്തോട് മാപ്പ് പറഞ്ഞ് കുട്ടിയുടെ വിരല്‍ നീക്കം ചെയ്യുകയും ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
