കൊച്ചിയില്‍ മഞ്ഞപ്പിത്തം അതിവേഗം പകരുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍; രണ്ടാഴ്‌ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ.

മൂവാറ്റുപുഴ ആർ ഡി ഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്‌ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണം.

കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂർ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച്‌ രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേ‌ർക്ക് രോഗബാധയേല്‍ക്കുകയും ചെയ്തു.

വേങ്ങൂരിലെ 15 വാർഡുകളില്‍ നിലവില്‍ രോഗബാധയുണ്ട്.
മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങള്‍, അധികാരികളില്‍ വീഴ്‌ച സംഭവിച്ചോ, ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകള്‍ എന്നിവയാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ഈ മാസം ഒൻപതിന് ജില്ലാ കളക്ടർ ഉമേഷ് എൻ എസ് കെ വേങ്ങൂർ പഞ്ചായത്ത് സന്ദർശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.