കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസ്സലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. സുസമ്മതനായ പൊതുപ്രവർത്തകനായിരുന്നു എ.വി.റസ്സലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാർട്ടിയുടെ നല്ലൊരു വാഗ്ദാനമായിരുന്നു അദ്ദേഹം. റസ്സലിന്റെ സംഘടനാ മികവ് കോട്ടയത്തെ പാർട്ടിയെ നല്ല നിലയിലേക്ക് വളർത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് കനത്ത പ്രയാസ്സമുണ്ടാക്കുന്നതാണ്. റസ്സൽ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. ഹൃദയാഘാതം വന്നുവെന്നാണ് മനസ്സിലാക്കുന്നത്. ജില്ലാ സെക്രട്ടറി എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് റസ്സൽ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസ്സലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേർത്ത് അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്‌മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്.
അർബുദരോഗത്തെ ചെറുത്ത് പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നുവന്നത്. ചികിത്സയിലായിരുന്ന റസ്സലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടൻ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോൾ പങ്കുവച്ചത്. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ് അപ്രതീക്ഷിത വിയോഗത്തിനു കാരണമായത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയിൽ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാർട്ടിക്ക് അപരിഹാര്യമായ നഷ്ടമാണ്. പാർട്ടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
താഴെ തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ സഖാവാണ് റസ്സലെന്ന് സ്പീക്കർ എ.എൻ. ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന് ജനകീയ നേതാവായി മാറിയ ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സഹോദരൻ നഷ്ടപ്പെട്ട വേദനയെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം.
റസ്സലിന്റെ വിയോഗം ദുഃഖകരമെന്ന് കോട്ടയം എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. റസ്സലിനെ കുറിച്ച് ആളുകൾക്കെല്ലാം മതിപ്പാണ്. റസ്സലിനു ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
