വോട്ട് ചെയ്യാൻ പോകുന്നതിനിടെ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു

കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു.

കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി കക്കാടംപൊയിലില്‍ പാമ്പുംകാവിലാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് ഇന്ന് ഉച്ചയോടെ പൂർണമായും കത്തിനശിച്ചത്.

കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു. ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി.
അല്‍പ്പസമയത്തിനുള്ളില്‍ തന്നെ തീ ആളിപ്പടർന്ന് കാർ മുഴുവനായും കത്തി നശിക്കുകയായിരുന്നു. മുക്കത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.