കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍.
സംഭവസ്ഥലത്ത് ഇയാളെ ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.
നേരത്തെ മോഷണക്കേസുകളില്‍ അടക്കം ഉള്‍പ്പെട്ടയാളാണ് ഇതെന്നാണ് വിവരം. അനുവിന്‍റെ മരണവുമായി നേരിട്ടോ അല്ലാതെയോ ഇയാള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.
