ചക്ക പ്രേമികള്‍ സൂക്ഷിക്കുക; ചക്ക കഴിച്ച ഉടൻ വെള്ളം കുടിക്കരുത്; ഈ തെറ്റ് ഒരിക്കലും ചെയ്യരുത്

കോട്ടയം: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ചക്ക.

സീസണ്‍ വന്നാല്‍ പിന്നെ ചക്ക കൊണ്ടുള്ള വിഭവങ്ങളാകും മിക്ക വീട്ടിലും. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക പായസം, ചക്ക ഹല്‍വ എന്നിങ്ങനെ പലരീതിയില്‍ ചക്ക വയ്ക്കാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്.

വിറ്റാമിൻ എ,സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ സാന്നിദ്ധ്യം ചക്കയിലുണ്ട്.
ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കുവാനും ഇത് സഹായിക്കുന്നു. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നുവെന്നത് ചക്കയുടെ മറ്റൊരു പ്രത്യേകതയാണ്.

ചക്കക്കുരുവും പ്രോട്ടീനും മിനറലുകളാലും സമൃദ്ധമാണ്. ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എന്നാല്‍ ഇത്രയും ഗുണമുള്ള ചക്ക കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കൊയാണെന്ന് നോക്കാം.

ചക്ക കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടില്ലേ? പാകം ചെയ്യാത്ത പച്ച ചക്ക കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ദഹനസംബന്ധ പ്രശ്നങ്ങള്‍ കാരണമാകുന്നു. ചിലരില്‍ വയറിളക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്.

അതിനാല്‍ പച്ച ചക്ക കഴിച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞ് മാത്രമേ വെള്ളം കുടിക്കുകവെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെ തന്നെ ചക്ക കഴിക്കുമ്പോള്‍ അതിനൊപ്പം പാല്‍ കുടിക്കാൻ പാടില്ല. ഇത് ദഹനപ്രശ്നത്തിന് കാരണമാകും.