കോഴിക്കോട്: പുത്തൂർമഠം ഭാഗങ്ങളില്‍ നൂറോളം വീടുകളില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പിടിയിൽ. ബുള്ളറ്റ് സാലു(38), കോട്ടക്കല്‍ സ്വദേശി സുഫിയാൻ (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുപ്പതോളം വീടുകളില്‍ നിന്നായി നൂറിലധികം പവൻ സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത പ്രതി മുൻപ് നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്.
പ്രതിയായ സാലു വീട്ടില്‍ സ്ഥിരമായി എത്താറില്ല. ലോറിയില്‍ ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം നടത്തുന്നത്.
മോഷണത്തിനു ശേഷം ഗുണ്ടൽപേട്ടയിലെ ഒളിത്താവളത്തിൽ എത്തുകയും അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കള്‍ വില്‍പ്പന നടത്തും. വീണ്ടും ഗുണ്ടല്‍പേട്ടയിലേക്ക് പോയി ചൂതാട്ടത്തിനും, ആർഭാഢ ജീവിതത്തിനും വേണ്ടി പണം ചെലവഴിക്കും.
സന്ധ്യയായാല്‍ സ്കൂട്ടറില്‍ കറങ്ങിയും മറ്റും ആളില്ലാത്ത വീട് കണ്ട് വെക്കും. തലേന്ന് ഒളിപ്പിച്ച് വെച്ച ആയുധവുമായി ലക്ഷ്യ സ്ഥാനത്ത് എത്തുകയും മോഷണം നടത്തിയ ശേഷം സ്ഥലത്ത് കിടന്ന് ഉറങ്ങി പുലർച്ചെ ബോർഡർ കടക്കുകയും ചെയ്യും.
ഡെപ്യുട്ടി കമ്മിഷണർ അങ്കിത് സിംഗിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും മെഡിക്കല്‍ കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.