തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്.
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിന്‍റെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതർ. സംഭവത്തില്‍ പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.
മെഡിക്കല്‍ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ ആണ് സൂരജിന്‍റെ കള്ളം പൊളിഞ്ഞത്.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്.
2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.
ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്.
