കങ്കണയുടെ ‘എമര്‍ജൻസി’യ്ക്ക് സെൻസര്‍ബോര്‍ഡിൻറെ പ്രദര്‍ശനാനുമതി; റിലീസ് ഉടനെന്ന് റിപ്പോര്‍ട്ട്

മുംബൈ: കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന എമർജൻസിയ്ക്ക് ഒടുവില്‍ സെൻസർ ബോർഡ് പ്രദർശനാനുമതി നല്‍കി.

ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ റണൗട്ട് വ്യാഴാഴ്ച എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

സിനിമയുടെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികള്‍ക്കും കങ്കണ നന്ദിയറിയിച്ചിട്ടുമുണ്ട്.

സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശങ്ങള്‍ പാലിച്ച്‌ സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താൻ തയ്യാറാണെന്ന് നിർമാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെൻസർ ബോർഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.