കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിംങിൽ അതീവ ഗൗരവകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
നാളെ ( ശനി ) രാവിലെ 11മണിക്ക് നഴ്സിംഗ് കോളജിലേക്ക് ആണ്’ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. റാഗിംങ് കേസിൽ കോളേജ് അധികൃതർ പുലർത്തിയ കുറ്റകരമായ അനാസ്ഥയിലും, നിരുത്തരവാദപരമായ സമീപനത്തിലും പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ അറിയിച്ചു.
നഴ്സിംഗ് പുരുഷ ഹോസ്റ്റലിൽ കുട്ടികളെ മാസങ്ങളായി പ്രാകൃതമായ റാഗിംങ് പീഡനമുറകൾക്ക് ഇരയാക്കുകയായിരുന്നു. എസ്എഫ്ഐ വിദ്യാർത്ഥികളുടെ തേർവാഴ്ചയായിരുന്നു ഹോസ്റ്റൽ മുറികളിൽ. ഇടിമുറികൾക്ക് സമാനമായ സജ്ജീകരണങ്ങളുടെ ഭീകര സംഘടനകളെ അനുസ്മരിക്കുന്ന കൊടിയ പീഡനമാണ് അരങ്ങേറിയത്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ കോളേജ് അധികൃതരെയും പാവപ്പെട്ട വിദ്യാർത്ഥികളെയും നിശബ്ദരാക്കുകയായിരുന്നു.
മെൻസ് ഹോസ്റ്റലിൽ കുട്ടികളെ നിരീക്ഷിക്കാൻ വേണ്ടത്ര ജീവനക്കാരോ സംവിധാനമോ ഉണ്ടായിരുന്നില്ല.ഒരു കെയർടേക്കർ മാത്രമായിരുന്നു ഫലത്തിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നത്.
റാംഗിങ് എല്ലാ പരിധികളും വിട്ടപ്പോഴാണ് നിസ്സഹായരായ കുട്ടികളിൽ ഒരാൾ ഗത്യന്തരമില്ലാതെ പരാതി നൽകിയത്.അപ്പോഴും കോളേജിലെ പ്രധാന അധികൃതർ അവധിയിലായിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തെ കേരളത്തിലെ കലാലയത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനിടയാകും. പ്രൊഫഷണൽ കോളേജുകളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കണം.ഇതിന് ഇടതു വിദ്യാർത്ഥി സംഘടനകളുടെ മനോഭാവത്തിന് മാറ്റം വരേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ പ്രൊഫഷണൽ കോളേജുകളിലെ അധ്യയനം പ്രതിസന്ധിയിലേക്ക് നീങ്ങും.
