വീടിനുള്ളിൽ കയറി സ്വർണവും പണവും കവർന്നയാളെ പോലീസ് പിടികൂടി; നിരവധി മോഷണ കേസിൽ പ്രതിയായ ഇയാൾ കറുകച്ചാൽ ശാന്തിപുരം ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണ്ണവും പണവുമടക്കം 54000 രൂപയുടെ മോഷണമാണ് നടത്തിയത്

കറുകച്ചാല്‍: വീട്ടിനുള്ളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി ഭാഗത്ത് കുഴിക്കാലായിൽ വീട്ടിൽ അഞ്ചാനി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (45) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞദിവസം വെളുപ്പിനെ മൂന്നുമണിയോടുകൂടി കറുകച്ചാൽ ശാന്തിപുരം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ കയറി സ്വർണ്ണ മാലയും, പണവുമടക്കം 54,000 രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കോന്നി, കൊടുമൺ, അടൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ മാരായ വിജയകുമാർ, സന്തോഷ്, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, ജോഷി, ബ്രിജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.