മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 15 പവൻ സ്വർണവും കവർന്നു; സംഭവത്തിൽ ബന്ധുക്കൾ അടക്കം 8 പേർക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടോളം പേരാണ് 36 കാരിയായ യുവതിയെ പീഡിപ്പിച്ചത്. 15 പവൻ സ്വർണ്ണവും കവർന്നു. സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. അയൽവാസിയിൽ നിന്നായിരുന്നു യുവതി ആദ്യ പീഡനം നേരിട്ടത്. തുടർന്ന് കേട്ടില്ല മുഖ്യപ്രതി പലർക്കായും കാഴ്ചവെച്ചു എന്നാണ് പരാതി.

2022-2023 വർഷത്തിനിടെയാണ് യുവതി പീഡനത്തിനിരയായത്. മുഖ്യപ്രതിയിൽ നിന്ന് യുവതി 500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാതെ വന്നപ്പോൾ യുവതിയെ ഭീഷണിപ്പെടുത്തി പ്രതി ചൂഷണം ചെയ്യുകയായിരുന്നു.

കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതായി യുവതിയുടെ സഹോദരനും ഭാര്യയും പറഞ്ഞു. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.