യുഡിഎഫില്‍ അടി; കോട്ടയം സീറ്റ് തിരികെ വേണമെന്ന് കോണ്‍ഗ്രസ്; ഇല്ലെന്ന് ജോസഫ്; പ്രതീക്ഷയോടെ എല്‍ഡിഎഫ്

കോട്ടയം: കോട്ടയം ലോക്സഭ സീറ്റിനെച്ചൊല്ലി യു ഡി എഫില്‍ തര്‍ക്കം.

മുന്നണിയില്‍ കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫിലേക്ക് പോയ സാഹചര്യത്തില്‍ ഇത്തവണ സീറ്റ് തിരികെ എടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

കോട്ടയം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച്‌ മുന്നോട്ട് വന്നിരിക്കുന്നത്.
യു ഡി എഫിന് വലിയ വിജയ സാധ്യതയുള്ള സീറ്റാണ് കോട്ടയം.

അത്തരമൊരു സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന വികാരം പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കി കഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പിന് ഇല്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നു.

കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാതെ നേതൃതലത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് ശ്രമം.