ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പാലക്കാട്:പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്.

ഭര്‍ത്താവ് ഉദയൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് പട്ടാമ്പി കീഴായൂര്‍ കിഴക്കേപുരയ്കകൽ ജയ ജപ്തി നടപടികള്‍ക്കിടെ തീകൊളുത്തി ജീവനൊടുക്കിയത്.

സംഭവത്തിൽ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയശേഷമാണ് പൊലീസ് കേസെടുത്തത്.

ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കൽ വീട്ടിൽ ജയയുടെ ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിക്കും. ജപ്തി നടപടികൾക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നൽകിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമാക്കും.

തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് 2015ലെ വായ്പാ കുടിശികയത്തെടുർന്ന് കോടതി ഉത്തരവ് പ്രകാരം ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യുന്നതിനായി എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെ ജയ മണ്ണെണ്ണ ശരീരത്തിൽ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.