കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ സുപ്പർ മാർക്കറ്റിന് പിന്നിലെ പറമ്പ് മാലിന്യം തള്ളൽ കേന്ദ്രമായതായി പരാതി. സുപ്പർ മാർക്കറ്റിന്റെ പിന്നിൽ റോഡിനോട് ചേർന്ന ഭാഗത്താണ് മാലിന്യക്കുമ്പാരം. നഗരത്തിൽ പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ സാധിച്ചെങ്കിലും ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിന് കുറവില്ല.
31-ന് സംസ്ഥാനത്തെ മാലിന്യമുക്‌ത നവകേരളമായി പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് തിരുനക്കരയിൽ മാലിന്യക്കുമ്പാരം രൂപപ്പെട്ടിരിക്കുന്നത്. പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യമാണ് ഇതിലധികവും. സുപ്പർമാർക്കറ്റ് കൂടാതെ വില്ലേജ് ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, പാഡി ഓഫിസ് തുടങ്ങിയവയെല്ലാം സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
മാലിന്യക്കുമ്പാരത്തിലേക്ക് സമീപത്തുള്ള റോഡിൽ നിന്നു പ്ലാസ്‌റ്റിക് കൂടുകളിലാക്കി മാലിന്യം വലിച്ചെറിയുന്നുമുണ്ട്. ഒട്ടേറെ ആൾക്കാർ ഉപയോഗിക്കുന്ന റോഡിലൂടെ മുക്കുപൊത്തി വേണം നടന്നു പോകാനെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പറഞ്ഞു.
ഒട്ടേറെ സർക്കാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിൽ മാലിന്യം കത്തിക്കുന്നതായും പരാതിയുണ്ട്. അധികൃതരുടെ ഭാഗത്തു നിന്ന് കർശനനടപടി വേണമെന്ന ആവശ്യം ശക്‌തമാണ്.
