സംസ്ഥാനത്ത് ഇന്നും ഇടിമിന്നോടു കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉള്‍പ്പടെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 – 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത – ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ഉപകരണങ്ങള്‍ക്കും, ഇത് വലിയ നാശനസ്ഥം സൃഷ്ടിക്കാമെന്നത് കൊണ്ടുതന്നെ പൊതുജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണം.

ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രത വേണം. ഇടിമിന്നല്‍ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറി ജനലും വാതിലും അടച്ചിടാൻ ശ്രദ്ധിക്കണമെന്നും, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാൻ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.