മാറ്റത്തിനൊരുങ്ങി കോട്ടയം റെയില്‍വേ സ്‌റ്റേഷൻ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

 

സ്വന്തം ലേഖകൻ

 

കോട്ടയം: ജില്ലയുടെ പ്രധാന ഗതാഗത ആശ്രയമായ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ മുഖം മാറാനൊരുങ്ങുന്നു. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച്‌ ഒന്നാം പ്രവേശനകവാടത്തില്‍ നിന്നുള്ള മേല്‍പാലത്തിന്റെ നിര്‍മാണം, ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക്ക് നവീകരണം, രണ്ടാം പ്രവേശനകവാടത്തിന്റെ നിര്‍മാണ ജോലികള്‍, കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ് നടക്കുന്നത്.

 

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക്ക് നവീകരണം. മൂന്ന് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതോടെ യാത്രക്കാര്‍ക്ക് സൗകര്യത്തോടെ വിശ്രമിക്കാൻ ഇടമൊരുങ്ങും.

 

രണ്ടാം പ്രവേശനകവാടം യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ സ്റ്റേഷന്റെ വികസനക്കുതിപ്പിന് പുതിയ മുഖമാകും. ഒന്നാം കവാടത്തിലെ വാഹനങ്ങളുടെ തിരക്കുള്‍പ്പെടെ കുറയ്ക്കാൻ സാധിക്കും. റിസര്‍വേഷൻ, ടിക്കറ്റ് കൗണ്ടര്‍, 150 മുതല്‍ 200 വരെ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിങ് ഗ്രൗണ്ട്, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഇവിടെയുണ്ടാകും. അഞ്ചാം പ്ലാറ്റ്ഫോമിനും ഗുഡ്സ് ലൈനിനും ശേഷം നിര്‍മിക്കുന്ന പുതിയകവാടം 2024 ഏപ്രിലിലോടെ പൂര്‍ത്തിയാകും.