കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ 5 പ്രതികളെയും രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഇന്നലെ വൈകിട്ട് ഗവ. നഴ്സിങ് കോളേജിലെ ഹോസ്റ്റലിൽ എത്തിച്ചു തെളിവെടുപ്പു നടത്തി.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ കെ.പി.രാഹുൽരാജ് (22), മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സി.റിജിൽ ജിത്ത് (20), കോട്ടയം മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് എൻ.എസ്.ജീവ (19) എന്നിവരാണു കേസിൽ അറസ്റ്റിലായത്.
പ്രതികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിക്കാതിരിക്കാൻ ഗൂഗിൾപേ വഴി പണം സ്വീകരിച്ചതിന്റെ വിവരങ്ങളാണു പ്രധാനമായും ചോദിച്ചറിഞ്ഞത്. കസ്റ്റഡി സമയം അവസാനിക്കുന്നതിനു മുൻപു കുറ്റപത്രം തയാറാക്കുന്നതിനാവശ്യമായ മുഴുവൻ വിവരങ്ങളും പ്രതികളിൽ നിന്നു ശേഖരിക്കാനാവുമെന്നാണു പൊലീസ് കരുതുന്നത്.
ഇന്നു വൈകിട്ട് അഞ്ചുവരെയാണു കസ്റ്റഡി കാലാവധി. ഇന്നു കോടതി സമയം അവസാനിക്കും മുൻപ് ഇവരെ ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
