തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു.
പട്ടുവം സ്വദേശികളായ കെ. ബിലാല്‍ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്.
ഇവരില്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.
ബിലാലില്‍നിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമില്‍ നിന്ന് 15 ഗ്രാം കഞ്ചാവും പ്രജിതയില്‍ നിന്ന് 10 ഗ്രാം കഞ്ചാവും മിസ്ഹാബില്‍നിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാൻ കൊണ്ടുവന്ന മയക്കുമരുന്നാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർക്കു പുറമെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർ കെ.വി. നികേഷ്, സിവില്‍ എക്സൈസ് ഓഫീസർമാരായ ടി.വി. വിജിത്ത്, എം.വി. ശ്യാം രാജ്, പി.പി. റെനില്‍ കൃഷ്ണൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ എൻ. സുജിത എന്നിവരുമുണ്ടായിരുന്നു.
മൂന്ന് വ്യത്യസ്ത കേസുകളിലാണ് യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിലായത്. ക്രിസ്മസ്-പുതുവത്സര എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
