അജ്മി ഫുഡ് പ്രോഡക്‌ട്സ് കമ്പനിയിലെ ബോയ്‌ലർ പൊട്ടി ഓയിൽ ചേർന്ന മാലിന്യം മീനച്ചിലാറ്റിൽ കലർന്നു; മാലിന്യത്തിന്റെ ഒഴുക്ക് ഈലക്കയം ചെക്ഡാമിനോടു ചേർന്നുള്ള ശുദ്ധജല പദ്ധതികളെ ബാധിച്ചു; ഓയിൽ പൂർണമായും നഗരസഭ മാനദണ്ഡങ്ങൾ പാലിച്ചു നീക്കം ചെയ്യാൻ ഫാക്ടറി അധികൃതർക്കു നിർദേശം

ഈരാറ്റുപേട്ട: അജ്മി ഫുഡ് പ്രോഡക്‌ട്സ് കമ്പനിയിലെ ബോയ്‌ലർ പൊട്ടി ഓയിൽ ചേർന്ന മാലിന്യം മീനച്ചിലാറ്റിൽ കലർന്നുസ്വകാര്യ ഫുഡ് പ്രോഡക്ട്സ് കമ്പനിയിലെ ബോയ്‌ലർ പൊട്ടി ഓയിൽ ചേർന്ന മാലിന്യം മീനച്ചിലാറ്റിൽ കലർന്നു. ശുദ്ധജല പദ്ധതികൾ മുടങ്ങി. ഈരാറ്റുപേട്ട– തൊടുപുഴ റോഡിലെ അജ്മി ഫു‍ഡ് പ്രോഡക്ട്സ് കമ്പനിയുടെ ബോയ്‌ലറാണു കഴിഞ്ഞ രാത്രി പൊട്ടിയത്.

മാലിന്യം ഈലക്കയത്തെ ചെക്ഡാമിൽ പരന്നൊഴുകി. ആറ്റിൽ ഒഴുക്കില്ലാത്തതിനാൽ താഴേക്ക് ഓയിൽ എത്തിയിട്ടില്ല. ഈലക്കയം ചെക്ഡാമിനോടു ചേർന്നുള്ള ശുദ്ധജല പദ്ധതികളെയാണു ബാധിച്ചത്. ഫാക്ടറി അധികൃതർ ഈരാറ്റുപേട്ട നഗരസഭ, അഗ്നിരക്ഷാസേന, പൊലീസ്, തലപ്പലം പഞ്ചായത്ത് എന്നിവിടങ്ങളിൽ രാത്രി തന്നെ അറിയിച്ചിരുന്നു. തുടർനടപടികൾ സ്വീകരിച്ചു.

നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു ഫാക്ടറി ഉടമകൾക്കു നോട്ടിസ് നൽകി.ഈ പ്രദേശവുമായി ബന്ധപ്പെട്ട 7 മുതൽ 20 വരെയുള്ള വാർഡ് കൗൺസിലർമാരെയും ആരോഗ്യ വിഭാഗത്തിന്റെയും യോഗം ചേർന്നു. വെള്ളത്തിൽ കലർന്ന ഓയിൽ പൂർണമായും ഫാക്ടറിയുടെ ചെലവിലും ഉത്തരവാദിത്തത്തിലും നഗരസഭ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു നീക്കം ചെയ്യാൻ ഫാക്ടറി അധികൃതർക്കു നിർദേശം നൽകിയതായി വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു.

ശുദ്ധജലപ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ സ്വന്തം ചെലവിൽ വെള്ളം എത്തിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓയിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര യോഗത്തിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ഷഫ്ന അമീൻ, നാസർ വെള്ളൂപ്പറമ്പിൽ, കെ.സുനിൽകുമാർ, നൗഫിയ ഇസ്മായിൽ, ഹബീബ് കപ്പിത്താൻ, സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കമ്പനി ഗ്രൂപ്പ് ജനറൽ മാനേജർ സാദിഖ് പാറയിൽ, ലീഗൽ അഡ്വൈസർ മുഹമ്മദ് പത്തനാട് എന്നിവർ പങ്കെടുത്തു.