സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ട് ജ്യോത്സ്യനെ കണ്ടു; കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചിയിലേക്ക് ക്ഷണിച്ചു; ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാദിനെയാണു വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്.

തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു.

ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെ വീട്ടമ്മ പാലാരിവട്ടം പോലീസിനെ സമീപിച്ചു പരാതി നൽകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.