കോട്ടയം : കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കിയ പുതിയ പാര്‍ക്കിങ് ക്രമീകരണം തിരിച്ചടിയായെന്ന് പരാതി. യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ലക്ഷ്യമിട്ടാണ് പുതിയ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയത്. ബസുകള്‍ പിന്നോട്ട് എടുത്ത് സ്റ്റാന്‍ഡ് വിടേണ്ടിവരുന്നതും പാര്‍ക്കിംഗ് സ്ഥലത്തിനായുള്ള മത്സരവും സ്റ്റാന്റിനുള്ളില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു.
സ്റ്റേഷനിലെ കെട്ടിടത്തിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയ ശേഷം പിന്നോട്ട് എടുത്ത് പുറത്തേക്ക് പോകുന്ന പുതിയ സംവിധാനമാണ് നിലവിലുള്ളത്. പരിമിതമായ പാര്‍ക്കിങ്ങ് സ്ഥലത്ത് ഒരേസമയം ഏതാനും ബസുകള്‍ക്ക് മാത്രമേ നിര്‍ത്താനാകൂ. ഒരു ബസ് സ്റ്റാന്റ് വിട്ടതുമുതല്‍ അതേ സ്ഥലം സ്വന്തമാക്കാന്‍ രണ്ടും മൂന്നും ബസുകള്‍ മത്സരിച്ച് എത്തുന്നതോടെ കൂട്ടിയിടി ഭീഷണിയും ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റവും പതിവാകുന്നു.
രാവിലെയും വൈകിട്ടും ബസുകള്‍ ഒന്നിച്ചെത്തുമ്പോള്‍ സ്റ്റാന്‍ഡിനുള്ളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.പിന്നോട്ട് എടുക്കുന്ന ബസുകള്‍ക്ക് പിന്നില്‍ യാത്രക്കാര്‍ നില്ക്കുന്നതും മൊബൈല്‍ ഫോണില്‍ മുഴുകി ശ്രദ്ധയില്ലാതെ നടക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്.
പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും തിരക്ക് കൂട്ടി. പ്രവേശന കവാടത്തിലെ റോഡില്‍ രൂപപ്പെട്ട വലിയ കുഴിയും അപകടഭീഷണി ഉയര്‍ത്തുകയാണ്.
