ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു.
കട്ടപ്പന ഇടുക്കികവല കളീക്കല്‍ വീട്ടില്‍ വിഷ്ണു സോമന്‍റെ മകള്‍ അപർണികയാണ് മരിച്ചത്. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ രാവിലെയാണ് കുട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതോടെ ഇന്നലെ പുലർച്ചെ രണ്ടോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കഠിനമായ വയറുവേദനയെ തുടർന്ന് ഈ മാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയയച്ചതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല.
