കത്തോലിക്കാ പള്ളിയില്‍ യുവാക്കളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ; തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്.

ചെന്നൈ : പള്ളിയില്‍ യുവാക്കളുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസ്. ധര്‍മപുരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലാണ് ബിജെപി അധ്യക്ഷൻ യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായത്.

എൻ മണ്‍ എൻ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇതിനിടെ യുവാക്കള്‍ അണ്ണാമലൈയെ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ തടഞ്ഞത്. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുന്നുണ്ട്.

പൊലീസ് സ്ഥലത്തെത്തി പ്രകോപിതരായ യുവാക്കളെ നീക്കം ചെയ്യുകയും സംസ്ഥാന ബിജെപി അധ്യക്ഷന് പള്ളിയില്‍ പ്രവേശിക്കാനും സൗകര്യമൊരുക്കിയിരുന്നു. മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.