സുഗന്ധഗിരി മരംമുറി കേസ്; ഡി എഫ് ഒയുടെ സസ്‌പെൻഷൻ മരവിപ്പിക്കും; നിര്‍ദ്ദേശം നല്‍കി വനംമന്ത്രി

കോഴിക്കോട്: സുഗന്ധഗിരി വനഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച്‌ കടത്തിയ സംഭവത്തില്‍ വയനാട് സൗത്ത് ഡി.എഫ്.ഒ എ. ഷജനയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നി‌ർദ്ദേശം നല്‍കി.

വിശദീകരണം തേടിയിട്ട് തുടർനടപടി മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഡി.എഫ്.ഒയുടെ ജാഗ്രതക്കുറവ് മരംമുറിക്ക് കാരണമായെന്നാണ് വനം വിജിലൻസിന്റെ കണ്ടെത്തല്‍. ഇതേതുടർന്നായിരുന്നു സസ്പെൻഷൻ നടപടി.

സംഭവത്തില്‍ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന, കല്‍പ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് സംഭവത്തില്‍ സസ്‌പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒൻപതായി . കല്‍പ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.

ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ സജി പ്രസാദ്, എം.കെ. വിനോദ് കുമാർ, വാച്ചർമാരായ ജോണ്‍സണ്‍, ബാലൻ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉള്‍പ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.