കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പോലീസ്. മൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് ചോദ്യം ചെയ്തു.
പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രതി സഞ്ജയ് റോയ് സ്ഥിരം കുറ്റവാളിയാണെന്നും കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്നും പോലീസ് അറിയിച്ചു. പ്രതി സ്വമേധയാ നടത്തിയ കുറ്റകൃത്യമാണെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് പ്രതി സഞ്ജയ് റോയ് മദ്യം കഴിച്ചിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കുറ്റകൃത്യം നടന്ന ദിവസം രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിക്ക് പിന്നിലെ ഒരു സ്ഥലത്തേക്ക് മദ്യം കഴിക്കാൻ പോയി. അവിടെ മദ്യപിക്കുമ്പോൾ പോണ് കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിശോധനയിൽ സഞ്ജയ് റോയിയുടെ മൊബൈൽ ഫോണിൽ നിന്ന് ക്രൂരത നിറഞ്ഞ നിരവധി പോൺ വീഡിയോകൾ പൊലീസ് കണ്ടെത്തി. ക്രൂരത നിറഞ്ഞ അശ്ലീല വീഡിയോകളാൽ പ്രതിയുടെ മൊബൈൽ നിറഞ്ഞിരുന്നു. അന്നുരാത്രി പലതവണ സഞ്ജയ് റോയ് ആശുപത്രി വളപ്പിൽ കടന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മരണം സംഭവിച്ച ശേഷം പീഡനത്തനിരയാക്കിയോ എന്നും സംശയിക്കുന്നതായി കൊൽക്കത്ത പോലീസ് പറയുന്നു. പ്രതി നാലു തവണ വിവാഹിതനായി. മൂന്ന് ഭാര്യമാരും പീഡനം സഹിക്കാനാകാതെ ഉപേക്ഷിച്ചെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിലാണ് ഇന്ന് റസിഡന്റ് ഡോക്ടർമാർ. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ ജോലി മുടക്കി പ്രതിഷേധിക്കും. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് പ്രധാന ആവശ്യം.
