തൃശ്ശൂരില്‍ ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ

തൃശൂർ : തൃശ്ശൂരിൽ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാര്‍ നേഹ കീസ്റ്റി (പ്ളസ്ടു വിദ്യാര്‍ഥിനി), ദിയ റോസ് (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി).