കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം : കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു.

ഇലങ്ക മഠത്തിൽ ജയകുമാർ നമ്പൂതിരി (49) ആണ് മരിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ മൂന്നാം തിയ്യതിയാണ് സംഭവമുണ്ടായത്.
ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്ത ശേഷം മേൽശാന്തി തൊട്ടപ്പുറത്തേക്ക് മാറിയതോടെ, ക്ഷേത്രത്തിലെത്തിയ ആൾക്ക് വാതകം ചോരുന്നതായി സംശയം തോന്നുകയും മേൽശാന്തിയെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് തിരികെയെത്തിയ മേൽശാന്തി വിളക്കുമായി തിടപ്പള്ളിയിലേക്ക് കയറിയതോടെ പാചകവാതകം പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ 80 % പൊള്ളലേറ്റ മേൽശാന്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.