ലഖ്നൗ: ജീവനക്കാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ടു, ഭീകരാന്തരീക്ഷം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വളര്‍ത്തുനായ്ക്കളെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പശ്ചിമാഞ്ചല്‍ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (PVVNL)ജീവനക്കാര്‍ക്കു നേരെയാണ് നഗരത്തിലെ ഗ്യാൻ ലോക് കോളനിയിലെ രാജേന്ദ്ര ചൗധരി പട്ടികളെ അഴിച്ചുവിട്ടത്.
3 ലക്ഷം രൂപയിലധികം വരുന്ന ബില്‍ കുടിശ്ശിക അന്വേഷിക്കാനെത്തിയതാണ് ജീവനക്കാര്‍. ജൂനിയര്‍ എഞ്ചിനീയര്‍ ജ്യോതി ഭാസ്കര്‍ സിൻഹ, സബ് ഡിവിഷണല്‍ ഓഫീസര്‍ റീന, ജീവനക്കാരായ സുധീര്‍ കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍, ഡ്രൈവര്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവരെയാണ് പട്ടി ഓടിച്ചത്.
രാജേന്ദ്ര ചൗധരിയും ഭാര്യയും മകനും സുഹൃത്തും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജര്‍മ്മൻ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ എന്നിവയെ അഴിച്ചുവിട്ടു. തോക്കെടുത്ത് ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു.
നായ്ക്കളുടെ ആക്രമണത്തിലും വടികൊണ്ടുള്ള അടിയിലും ജൂനിയര്‍ എഞ്ചിനീയര്‍ സിൻഹയ്ക്ക് പരിക്കേറ്റു. സിൻഹയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.3.57 ലക്ഷം രൂപ കുടിശ്ശിക നല്കാൻ ഞങ്ങള്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബം ഞങ്ങളെ അധിക്ഷേപിച്ചു.
തുടര്‍ന്ന് വാക്കുതര്‍ക്കമായി. അതിനിടെ കുടുംബം വളര്‍ത്തുനായ്ക്കളെ ഞങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടു. അടിക്കുകയം കൈയില്‍ കടിക്കുകയും ചെയ്തു. ഞാൻ വീണപ്പോള്‍, വീട്ടുകാര്‍ എന്നെ വടിയും ഇരുമ്ബ് വടി ഉപയോഗിച്ച് ആക്രമിച്ചെന്നും കയ്യില്‍ തോക്കുമായി അവര്‍ ഞങ്ങളെ പിന്തുടര്ന്നെന്നും സിൻഹ പറഞ്ഞു. ഇവര്‍ക്കെതിരെ ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
