ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്.
രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
ആന്റോ- അനീഷ ദമ്പതികളുടെ മകളായ മൂന്നു വയസുകാരി മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മുറിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്.
കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി താഴേക്ക് വീണതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
കെട്ടിടത്തിലെ അപകട സാധ്യത മുൻപും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അശാസ്ത്രീയമായി ടൈല്‍ വിരിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ പള്ളിവാസല്‍ പഞ്ചായത്ത് ഉള്‍പ്പെടെ അധികൃതക്കെതിരെ ഗുരുതര ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
